ഗോത്രജീവിതത്തിന്റെ പെരുമയുമായി ട്രൈബല്‍ മ്യൂസിയം
അതിജീവനത്തിന്റെ കഥകള്‍ പറയുന്ന ഗോത്രവര്‍ഗത്തിന്റെ ജീവിതപോരാട്ടങ്ങളുടെ നേര്‍സാക്ഷ്യങ്ങളുമായി ട്രൈബല്‍ മ്യൂസിയം ശ്രദ്ധേയമാകുന്നു. കേരളീയം 2023ന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജില്‍ ഒരുക്കിയ ട്രൈബല്‍ മ്യൂസിയത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗോത്രവിഭാഗക്കാര്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത വസ്തുക്കളാല്‍ കൗതുകവും വ്യത്യസ്ത കാഴ്ചയും ഒരുക്കുകയാണ്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപെടാനുപയോഗിക്കുന്ന മൊട്ടമ്പ്, വേട്ടയ്ക്കുള്ള കൂരമ്പ്, മരത്തില്‍ ഇരുമ്പ് ചേര്‍ത്തുണ്ടാക്കിയ വയനാട് മുള്ളുകുറുമന്‍ പാര എന്നിങ്ങനെ വൈവിധ്യവും വ്യത്യസ്തവുമായ ഉപകരണങ്ങള്‍ മ്യൂസിയത്തില്‍ കാണാം.
അമ്പും വില്ലും, മീന്‍ കൂട, മീന്‍ കൂട്, ചോലനായ്ക വിഭാഗക്കാരുടെ 'പെട്ടിക്കുട്ട', ഉറി, വനവിഭവങ്ങളുടെ ശേഖരണത്തിനായി ചോലനായ്ക്ക വിഭാഗക്കാര്‍ നിര്‍മിച്ച മുളകൊണ്ടുള്ള വിവിധതരം കുട്ടകള്‍, വിളഞ്ഞിക്കോല്‍ എന്നിവയ്ക്കെല്ലാം ചരിത്രത്തിന്റെ നിരവധി കഥകള്‍ പറയാനുണ്ട്. കുറിച്യരുടെ കൊരമ്പ് മുതല്‍ പുനം കൃഷിക്കായി ഉപയോഗിച്ചിരുന്ന പരമ്പരാഗത ഉപകരണങ്ങള്‍ വരെ മ്യൂസിയത്തില്‍ കാഴ്ചക്കാര്‍ക്ക് പുത്തന്‍ അനുഭവമേകുന്നു.
ഇടുക്കിയിലെ മുതുവാന്മാരും അട്ടപ്പാടിയിലെ കുറുമ്പരും പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വിവിധതരം ആയുധങ്ങള്‍, വായ്പ്പൂട്ട്, കാരണവന്മാര്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രം 'വട്ടെ', മുള്ളുകുറുമന്‍, കുറിച്യ വിഭാഗക്കാര്‍ ചോറ് വിളമ്പാന്‍ ഉപയോഗിച്ചിരുന്ന 'കോരിക', പാലക്കാട് അട്ടപ്പാടിയിലെ കുറുമ്പര്‍ ഉപയോഗിക്കുന്ന മുളകൊണ്ടുള്ള 'ഗുലുമ' എന്നിവയും തനതുരീതിയില്‍ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള കിര്‍ത്താഡ്സ് അനുഭവങ്ങളുടെ നേര്‍സാക്ഷ്യവുമായി മ്യൂസിയം ഒരുക്കിയിരിക്കുന്നത്.